
കോട്ടയം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കെ.എം. മാണിയുടെ കാലത്ത് പാലാ അനുഭവിച്ച വികസനത്തിന്റെ സുവർണ്ണകാലം മടങ്ങിവരുമെന്നും, പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാലായുടെ വികസനം വഴിമുട്ടി
അരനൂറ്റാണ്ടുകാലം കെ.എം. മാണി വികസനത്തിന്റെ മാതൃകയാക്കി മാറ്റിയ പാലായുടെ പെരുമ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നഷ്ടപ്പെട്ടുവെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി. പാതിവഴിയിൽ നിലച്ച പദ്ധതികൾ പൂർത്തിയാക്കാനോ പുതിയ വികസന കാഴ്ചപ്പാടുകൾ നടപ്പിലാക്കാനോ നിലവിലെ പ്രതിനിധിക്ക് സാധിച്ചില്ല. വികസനം വഴിമുട്ടിയ പാലായെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ജനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റമില്ല, എൽ.ഡി.എഫിൽ ഉറച്ച്
മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ ജോസ് കെ. മാണി, എൽ.ഡി.എഫിൽ പാർട്ടിക്ക് പൂർണ്ണ തൃപ്തിയാണെന്ന് വ്യക്തമാക്കി. കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പാർട്ടി ഉന്നയിച്ച ആവശ്യങ്ങൾ പിണറായി സർക്കാർ നടപ്പിലാക്കി. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകൾ ഇത്തവണയും ലഭിച്ചിട്ടുണ്ടെന്നും, സീറ്റ് വിഭജനത്തിൽ സി.പി.എമ്മുമായി യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭാ സീറ്റും രാഷ്ട്രീയ നീക്കങ്ങളും
എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് തന്റെ ഭാര്യ നിഷ ജോസ് കെ. മാണിയെ പരിഗണിക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. "ഒരിക്കലുമില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ആ സീറ്റിൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധി തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും മധ്യമേഖലാ വികസന യാത്രയിലെ ജനപങ്കാളിത്തവും എൽ.ഡി.എഫിന്റെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു. വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി ജനങ്ങൾ ഭരണത്തുടർച്ചയ്ക്ക് വോട്ട് ചെയ്യുമെന്നും ജോസ് കെ. മാണി പറഞ്ഞു.











